ആസ്വാദക മനസ്സുകൾ കീഴടക്കിയ പാട്ടുകാരന്‍
Kishore Kumar Songs
- രൂപ് തേരാ മസ്താന…
- ദിൽ ഐസാ കിസി നാ മേരാ..
- ഖൈകേ പാൻ ബനാറസ് വാലാ….
- ഹസാറ് രാഹേൻ മുർ കേ ദേഖീൻ….
- പാഗ് ഖുങ്ക്രൂ ബന്ധ്…
- അഗർ തും ന ഹോതേ…
- സാഗർ കിനാരേ…
- മേൻ ഹൂൻ ഝൂം ഝൂം ഝുംബ്രോ…
മുതലായ ഒരിക്കലും മറക്കാത്ത ഒട്ടനവധി ഗാനങ്ങള്‍ സമ്മാനിച്ച… ആർക്കും അനുകരിക്കുവാനാകാത്ത… ഏറ്റുപാടുവാനാകാത്ത… ആലാപന ഭംഗികൊണ്ട് സംഗീതാസ്വാദകരുടെ മനസ്സിൽ ഇടം നേടിയ കിഷോർ കുമാർ.
സച്ചിന്‍ ദേവ് ബര്‍മ്മനെന്ന അതുല്യ സംഗീത സംവിധായകനാണ് കിഷോറിലെ ഗായകനെ കണ്ടെത്തിയത്. 1950 ല്‍ മശാല്‍ എന്ന ചിത്രത്തിൻ്റെ നിര്‍മാണത്തിനിടെ എസ്.ഡി. ബര്‍മന്‍ അശോക് കുമാറിൻ്റെ വീടു സന്ദര്‍ശിച്ചു.
കുന്ദന്‍ലാല്‍ സൈഗാളിനെ അനുകരിച്ചു പാടുന്ന കിഷോറിനെ അദ്ദേഹം ശ്രദ്ധിച്ചു. സൈഗാളിനെ അനുകരിക്കാതെ സ്വന്തം ശൈലിയുണ്ടാക്കാന്‍ ബര്‍മന്‍ ഉപദേശിച്ചു. ശാസ്ത്രീയമായി സംഗീതം അഭ്യസിക്കാത്ത കിഷോര്‍ ആ ഉപദേശം മനസ്സില്‍ കുറിച്ചിട്ട് സ്വന്തമായി ഗാനാലാപന ശൈലി രൂപപ്പെടുത്തി. കിഷോറിൻ്റെ മാസ്റ്റര്‍പീസായ യോഡലിങ് ശൈലിയും അങ്ങനെ രൂപപ്പെട്ടതാണ്.
അതിവേഗത്തിലും ആവര്‍ത്തിച്ചും ഒരു ശബ്ദം ഉള്ളില്‍നിന്നു പുറപ്പെടുവിക്കുന്ന ശൈലിയാണു യോഡലിങ്. പാശ്ചാത്യ സംഗീതത്തില്‍ നിന്നായിരുന്നു ഈ കടംകൊള്ളല്‍.
മലയാളത്തിന് പ്രിയപ്പെട്ട കിഷോര്‍ കുമാര്‍
എബിസിഡി ചേട്ടന്‍ കേഡി അനിയനു പേടി…. എന്ന സൂപ്പര്‍ഹിറ്റ് ഗാനം മലയാളികള്‍ക്കു സുപരിചിതമാണ്. അയോധ്യ എന്ന ചിത്രത്തില്‍ നിത്യഹരിത നായകന്‍ പ്രേംനസീര്‍ പാടിത്തകര്‍ത്തഭിനയിച്ച ഈ ഗാനം കിഷോര്‍ കുമാറാണ് ആലപിച്ചത്. 1975ല്‍ പുറത്തിറങ്ങിയ അയോധ്യയിലെ ഗാനരചന വയലാറും സംഗീതസംവിധാനം ജി. ദേവരാജനുമാണു നിര്‍വഹിച്ചത്. മലയാളത്തില്‍ കിഷോര്‍ പാടിയ ഏകഗാനം ഇതാണ്.
1929 ഓഗസ്റ്റ് 4ന് മധ്യപ്രദേശിലെ ഖന്ത്വയിൽ അഭസ് കുമാർ ഗാംഗുലിയായി ജനനം. ചേട്ടൻ അശോക് കുമാർ ബോളിവുഡിലെ എക്കാലത്തേയും മികച്ച നടൻമാരിലൊരാളായിരുന്നു. ചേട്ടനെ പിൻനടന്ന അഭസ് പേരു മാറ്റി കിഷോർ കുമാറായി.
ചേട്ടനൊപ്പം സ്റ്റുഡിയോയായ ബോംബെ ടാക്കീസിലെ കോറസ് ഗായകനായിക്കൊണ്ടായിരുന്നു തുടക്കവും. ചേട്ടൻ അഭിനയിച്ച ശിക്കാരിയിലായിരുന്നു കിഷോറിൻ്റെ സ്വരം ആദ്യം കേട്ടത്.
ഖേംചന്ദ് പ്രകാശ് ഈണമിട്ട സിദ്ദിയിൽ മർനേ കീ ദ്വായൻ... എന്ന പാട്ടു പാടിയതോടെ കിഷോറിന് ഈണങ്ങളുടെ വലിയ ലോകം തന്നെ തുറന്നുകിട്ടി. എങ്കിലും ആർ ഡി ബർമൻ ഒരുക്കിയ ഗാനങ്ങളാണ് ഇന്ത്യയുടെ ശ്രദ്ധയിലേക്ക് കിഷോർ കുമാറിനെ കൊണ്ടുവരുന്നത്. റിഷികേശ് മുഖര്‍ജി, സലിൽ ചൗധരി തുടങ്ങിയവരുടെ ഈണങ്ങളിലൂടെ.
ഹേമന്ദ് കുമാറിന് പാടാനായി വച്ചിരുന്ന ഗാനമാണ്, സംഗീതം പഠിച്ചിട്ടില്ലാത്ത കിഷോറിനായി ആ സ്വരഭംഗി കൊണ്ടുമാത്രം സലിൽ ചൗധരി നൽകിയത്. സംവിധായകൻ, എഴുത്തുകാരന്‍, സംഗീതസംവിധായകൻ, നിർമ്മാതാവ്, തിരക്കഥാകൃത്ത് തുടങ്ങി സിനിമയുടെ സമസ്ത മേഖലകളിലേക്കും ജൈത്രയാത്ര നടത്തി കിഷോര്‍ കുമാർ പിന്നീട്.
വിഷാദ സുന്ദര ഗാനങ്ങളുടെ ഗന്ധര്‍വ്വനായിക്കൊണ്ട്. ലതാ മങ്കേഷ്കറിനൊപ്പം പാടിയ പാട്ടുകളെല്ലാം സൂപ്പർ ഹിറ്റ്. ആർ ഡി ബർമൻ്റെ സ്ഥിരം ഗായകൻ. രാജേഷ് ഖന്ന ചിത്രങ്ങളിലെ പാട്ടുകാരൻ. ബോളിവുഡിൽ കിഷോർ കുമാർ താരകമായി പെയ്തിറങ്ങിയ കാലം.
ഇതിനിടയിൽ ഒട്ടേറെ ചിത്രങ്ങളിൽ അഭിനയിച്ചുവെങ്കിലും അതിൽ തിളങ്ങുവാനൊന്നും കിഷോറിനായില്ല. കാലം കരുതിവച്ചിരുന്നത് ഗായകൻ എന്ന പട്ടം തന്നെയായിരുന്നു. പിന്നണി ഗായകനുള്ള ഫിലിം ഫെയര്‍ അവാര്‍ഡ് 8 തവണ നേടിയ കിഷോറിൻ്റെ റെക്കോര്‍ഡ് ഇതുവരെ ആരും മറികടന്നിട്ടില്ല.
മധ്യപ്രദേശ് സര്‍ക്കാറിൻ്റെ ലതാ മങ്കേഷ്‌കര്‍ അവാര്‍ഡ് ലഭിച്ച ശേഷം കിഷോര്‍ കുമാറിൻ്റെ പേരിലും മധ്യപ്രദേശ് സര്‍ക്കാര്‍ അവാര്‍ഡ് ഏര്‍പ്പെടുത്തി.
അടിയന്തരാവസ്ഥക്കാലത്ത് കോണ്‍ഗ്രസ് റാലിക്കു വേണ്ടി പാടണമെന്ന സഞ്ജയ് ഗാന്ധിയുടെ ആവശ്യം നിരാകരിച്ച കിഷോറിന് ബഹിഷ്‌കരണ ഭീഷണി നേരിടേണ്ടി വന്നു. കിഷോറിൻ്റെ ഗാനങ്ങള്‍ ആകാശവാണിയിലും ദൂരദര്‍ശനിലും വരരുതെന്നു വാര്‍ത്താവിതരണ സംപ്രേഷണ മന്ത്രി വിദ്യാ ചരണ്‍ ശുക്ല വിലക്കി. 1976 മേയ് മുതല്‍ അടിയന്തരാവസ്ഥ കഴിയും വരെ വിലക്കു തുടര്‍ന്നു.
എണ്‍പതുകളില്‍ അമിതാഭ് ബച്ചനുമായി ചെറിയൊരു പിണക്കം. തൻ്റെ ചിത്രത്തില്‍ ഗസ്റ്റ് റോള്‍ ചെയ്യാന്‍ വിസമ്മതിച്ചതിനാല്‍ ബച്ചനു വേണ്ടി പാടില്ലെന്നു ശഠിച്ചു. എന്നാല്‍ തൂഫാനില്‍ പാടിക്കൊണ്ട് ആ ശീതസമരം അവസാനിപ്പിച്ചു.
യോഗിത ബാലി തന്നെ വിട്ടു മിഥുന്‍ ചക്രവര്‍ത്തിയെ ഭര്‍ത്താവായി സ്വീകരിച്ചതോടെ മിഥുനു വേണ്ടിയും പാടാതായി. പിന്നീട് ഡിസ്‌കോ ഡാന്‍സറിനും പ്യാര്‍ കാ മന്ദിറിനും പാടിക്കൊണ്ട് ആ പിണക്കവും തീര്‍ത്തു.
1987 ഒക്ടോബർ 13ന് അന്തരിച്ചു. ഒട്ടനവധി ഗാനങ്ങള്‍ സമ്മാനിച്ചാണ് സംഗീത ലോകത്ത് നിന്നും അദ്ദേഹം വിടപറഞ്ഞത്. മരണമില്ലാത്ത ഒരുപാടു ഗാനങ്ങളിലൂടെ ഇന്നും അദ്ദേഹം നമുക്കിടയില്‍ ജീവിക്കുന്നു.
46 വർഷത്തിന് ശേഷം അത്ഭുത നിലവറ തുറന്നു
കടപ്പാട് – Saji Abhiramam