Atal Pension Yojana

Atal Pension Yojana: സാമൂഹ്യ സുരക്ഷ പദ്ധതിയായ അടല്‍ പെന്‍ഷന്‍ യോജന 2015 മെയ്‌ 9ന് കല്‍ക്കത്തയില്‍ വച്ച് പ്രധാനമന്ത്രിയാണ് പ്രഖ്യാപിച്ചത്. 60 വയസ്സ് പൂര്‍ത്തിയായ വരിക്കാര്‍ക്ക് നിശ്ചിത തുക പ്രതിമാസം പെന്‍ഷന്‍ അനുവദിക്കുന്നതിന് വിഭാവനം ചെയ്ത പദ്ധതിയാണിത്.

സ്വതന്ത്ര ഇന്ത്യയെ ഒരു ക്ഷേമ രാഷ്ട്രമായി കെട്ടിപ്പടുക്കാനാണ് രാഷ്ട്ര നിർമാതാക്കൾ ശ്രമിച്ചത്. ഭരണഘടനയുടെ മൗലിക അവകാശങ്ങൾ (Fundamental Rights), മാർഗ നിർദേശക തത്വങ്ങൾ (Directive Principles of State Policy) എന്നീ ക്ഷേമ രാഷ്ട്ര ആശയങ്ങൾ ഉൾക്കൊള്ളിച്ചാണ് ഭരണഘടന രൂപകൽപന ചെയ്തത്.

കാലാകാലങ്ങളിലെ ഗവൺമെൻ്റുകൾ നിരവധി ക്ഷേമ, സാമൂഹ്യ സുരക്ഷാ പദ്ധതികൾ പ്രഖ്യാപിച്ചു നടപ്പാക്കുകയുണ്ടായി. ദുർബല ജനവിഭാഗങ്ങളെ സാമ്പത്തികമായി ശാക്തീകരിക്കുക എന്നതാണ് ഈ പദ്ധതികളുടെ ലക്ഷ്യം.

Atal Pension Yojana ദേശീയ ജനാധിപത്യ (NDA) സഖ്യ നേതൃത്വത്തിലുള്ള നരേന്ദ്ര മോഡി ഗവൺമെൻ്റ് പ്രഖ്യാപിച്ച നിരവധി പദ്ധതികളിൽ ഒന്നാണ്. പ്രധാനമന്ത്രി ജൻധൻ യോജന പദ്ധതികളുടെ രണ്ടാം ഘട്ടമായി നടപ്പാക്കുന്ന പദ്ധതിയാണ്.

Atal Pension Yojana: സവിശേഷതകള്‍

  1. 18 വയസ്സ് മുതല്‍ 40 വയസ്സ് വരെ പ്രായമുള്ള എല്ലാ സേവിങ്ങ്സ് ബാങ്ക് അക്കൗണ്ട് ഉടമകള്‍ക്കും ഈ പദ്ധതിയില്‍ ചേരാവുന്നതാണ്.
  2. പ്രീമിയം –നിക്ഷേപം തുകക്ക് അക്കൗണ്ട് ഉടമയുടെ സേവിംഗ്സ് അക്കൗണ്ടില്‍ നിന്നും ബാങ്ക് മുഖേനയുള്ള ‘ഓട്ടോ ഡെബിറ്റ്’ സൗകര്യം.
  3. പ്രതിമാസ പെന്‍ഷന്‍ വരിസംഖ്യയ്ക്ക് അനുസൃതമായിരിക്കും
  4. 42 രൂപ മുതല്‍ 210 രൂപ വരെയുള്ള വരിസംഖ്യയ്ക്ക് യഥാക്രമം 1000 രൂപ മുതല്‍ 5000 രൂപ വരെ ആജീവനാന്ത പെന്‍ഷന്‍ ലഭിക്കും.
  5. ഏതൊരു വ്യക്തിക്കും ഒരു സേവിംഗ് അക്കൗണ്ട് മുഖേന മാത്രമേ ഈ പദ്ധതിയില്‍ ചേരാനാകൂ.

സർക്കാരിതര സ്ഥാപനങ്ങളിലും കച്ചവട സ്ഥാപനങ്ങളിലും ജോലി ചെയ്യുന്നവർ, കെട്ടിട നിർമാണത്തൊഴിലാളികൾ, വീട്ടുജോലിക്കാർ, തുടങ്ങി വിവിധ മേഖലകളിൽ ജോലി ചെയ്യുന്ന സ്ത്രീകളുൾപ്പെടെയുളളവർക്ക് പെന്‍ഷൻ നേടിത്തരുന്ന സമ്പാദ്യ പദ്ധതിയാണ് അടൽ പെൻഷൻ യോജന.

പ്രോവിഡന്റ് ഫണ്ട്, ഗ്രാറ്റുവിറ്റി തുടങ്ങി പെൻഷൻ ലഭിക്കാൻ സാധ്യതയില്ലാത്ത സാധാരണക്കാരായ തൊഴിലാളികൾക്ക് ഏതു ബാങ്കിലും പെൻഷൻ അക്കൗണ്ട് തുടങ്ങാം. വീട്ടമ്മമാർക്കും ഈ പെൻഷൻ പദ്ധതിയിൽ ചേരാവുന്നതാണ്.

അടയ്ക്കുന്ന വാർഷിക തുകയുടെ 50 ശതമാനം അഥവാ 1000 രൂപ എന്ന നിലയിൽ നൽകി ആദ്യത്തെ അഞ്ചു വർഷം കേന്ദ്ര സര്‍ക്കാരും അക്കൗണ്ടുടമയോടൊപ്പം സമ്പാദ്യത്തിൽ പങ്കു ചേരും. മറ്റു പെൻഷൻ പദ്ധതികളിലൊന്നും ഉറപ്പായ വരുമാനം വാഗ്ദാനം ചെയ്യുന്നില്ല.

ഈ പദ്ധതിയില്‍ ചേർന്ന‌വർക്ക് പെൻഷന്‍ തുക സംബന്ധിച്ചു സര്‍ക്കാർ ഉറപ്പു നൽകുന്നു. പെൻഷൻ ലഭിക്കുമ്പോൾ അക്കൗണ്ടുടമ മരണമടഞ്ഞാല്‍ ജീവിതപങ്കാളിക്ക് തുടർന്നും പെൻഷൻ തുക കിട്ടും. ജീവിത പങ്കാളിയുടെ മരണശേഷം മുതലും പലിശയും ചേർന്ന കോര്‍പ്പസ് തുക നോമിനിക്ക് ലഭിക്കും.

5000 രൂപ പ്രതിമാസ പെൻഷൻ ലഭിക്കുന്ന രീതിയിൽ തുടങ്ങിയ അക്കൗണ്ടില്‍ 60 വയസ്സായ‌ി പെൻഷൻ ലഭിച്ചു തുടങ്ങുമ്പോൾ ഉദ്ദേശം 8.5 ലക്ഷം രൂപ മുതലും പ‌ലിശയും ഉൾപ്പെടെ കോര്‍പസായി സമാഹരിച്ചിട്ടുണ്ടാകും.

18 നും 40 നുമിടയിൽ പ്രായമുളളവര്‍ മാസം തോറും നിശ്ചിത തുക ഈ പദ്ധതിയിൽ അടയ്ക്കണം. 60 വയസ്സെത്താൻ ബാക്കിയുളള വർഷങ്ങൾ, മാസം തോറും പ്രതീക്ഷിക്കുന്ന പെൻഷൻ തുക എന്നിവയുടെ അടിസ്ഥാനത്തിലാണു മാസം തോറും അടയ്ക്കേണ്ട തുക തീരുമാനിക്കുന്നത്.

25 വയസ്സിൽ പദ്ധതിയിൽ ചേരുന്ന ഒരാൾ 35 വർഷം പ്രതിമാസം 376 രൂപ അടയ്ക്കു മ്പോൾ 60–ാമത്തെ വയസ്സിൽ തുടങ്ങി മാസം തോറും 5000 രൂപ വച്ച് പെൻഷൻ ലഭിക്കും.

40 വയസ്സുളള ഒരാൾ 20 വർഷത്തേക്ക് മാസം തോറും 291 രൂപ അടച്ചാൽ ലഭിക്കുന്ന പ്രതിമാസ പെൻഷൻ 1000 രൂപ ആയിരിക്കും.

ഏറ്റവും ചുരുങ്ങിയ പ്രതിമാസത്തവണ 42 രൂപയും ഏറ്റവും ഉയര്‍ന്നത് 1454 രൂപയുമാണ്.

ചുരുങ്ങിയ പ്രതിമാസ പെൻഷൻ 1000 രൂപയും ഉയർന്ന പ്രതിമാസ പെൻഷൻ 5000 രൂപയുമാണ്. മാസം തോറും പെൻഷനായി ലഭിക്കുന്ന ഏറ്റവും ചുരുങ്ങിയ തുകയാണ് ഇപ്പോൾ വാഗ്ദാനം ചെയ്യുന്നത്.

പ്രധാനമായും അസംഘടിത മേഖലയില്‍ ഉള്ള പൗരന്മാര്‍ക്ക് വേണ്ടിയാണ് ഈ പദ്ധതി ആവിഷ്ക്കരിച്ചിട്ടുള്ളത്. ഇവര്‍ക്ക് മാസം 1000 രൂപ മുതല്‍ 5000 രൂപ വരെ പെന്‍ഷന്‍ ഉറപ്പാക്കുകയാണ് ലക്‌ഷ്യം. 18 നും 40 നും ഇടയില്‍ പ്രായമുള്ള സേവിങ്ങ്സ് അക്കൗണ്ട് ഉടമകള്‍ക്ക് പദ്ധതിയില്‍ അംഗമാകാം.

ഏതെങ്കിലും മറ്റ് സാമൂഹിക പെന്‍ഷന്‍ പദ്ധതിയില്‍ അംഗം ആയിട്ടുള്ളവര്‍ക്ക് ഈ പദ്ധതിയില്‍ ചേരാന്‍ അര്‍ഹതയില്ല.

ഓരോ ഗുണഭോക്താവും മാസം അടക്കേണ്ട തുകയുടെ പകുതി (പരമാവധി 1000 രൂപ വരെ) അഞ്ച് വര്‍ഷത്തേക്ക് അടക്കാവുന്നതാണ്. 60 വയസ്സ് വരെ നിശ്ചിത തുക മാസം തോറും ബാങ്ക് അക്കൗണ്ടായി അടച്ചുകൊണ്ടിരിക്കണം. 60 ആം വയസ്സ് മുതല്‍ മാസം തോറും അര്‍ഹതപ്പെട്ട പെന്‍ഷന്‍ ലഭിച്ചു തുടങ്ങും. (ഉദാ: 18-ാമത്തെ വയസ്സില്‍ പദ്ധതിയില്‍ ചേരുന്ന വ്യക്തിക്ക് 60 വയസ്സ് മുതല്‍ 1000 രൂപ പ്രതിമാസം ലഭിക്കാന്‍ 42 രൂപ മാത്രം മാസം അടച്ചാല്‍ മതി. ഒരാള്‍ക്ക് ഒരു പെന്‍ഷന്‍ അക്കൗണ്ട് മാത്രമേ തുടങ്ങുവാന്‍ കഴിയൂ. മരണശേഷം അനന്തരവകാശിക്ക് പെന്‍ഷന് അര്‍ഹത ഉണ്ടായിരിക്കും.

രാജ്യത്തെ 88% വരുന്ന അസംഘടിത തൊഴിലാളികളെ സംബന്ധിച്ചിടത്തോളം ഇതിന് പല സാദ്ധ്യതകളും ഉണ്ട്. പെൻഷൻ മാത്രമല്ല, കരുതൽ നിക്ഷേപത്തിൻ്റെ സാമ്പത്തിക സാക്ഷരതാ പാഠം കൂടി ഇത് നൽകുന്നു. ആദ്യ അഞ്ച് വർഷങ്ങളിൽ അടയ്‌ക്കുന്ന വാർഷിക തുകയുടെ 50% അല്ലെങ്കിൽ 1000 രൂപ വരെ (ഏതാണോ കുറവ്) കേന്ദ്രസർക്കാർ നൽകും, എന്നതും ആകർഷകമാണ്.

2015-16 പൊതു ബജറ്റിൽ ധനമന്ത്രി അരുൺ ജെയ്‌റ്റിലിയാണ് അടൽ പെൻഷൻ യോജന പ്രഖ്യാപിച്ചത്. പെൻഷൻ ആനുകൂല്യങ്ങൾക്ക് മറ്റു തരത്തിൽ അർഹതയില്ലാത്ത അസംഘടിത മേഖലയിൽ തൊഴിലെടുക്കുന്നവർക്ക് ചെറിയ ഓഹരി മുടക്കിൽ പെൻഷൻ ആനുകൂല്യം ലഭിക്കാനുള്ള പദ്ധതിയാണ് അടൽ പെൻഷൻ പദ്ധതി. 2015 മുതൽക്കാണ് പദ്ധതിയുടെ പ്രാബല്യം.

ഇ എസ് ഐ തുടങ്ങിയ സ്റ്റാറ്റ്യൂട്ടറി പെൻഷൻ പദ്ധതികളിൽ ഉൾപ്പെട്ടിട്ടില്ലാത്ത തൊഴിലാളികളും മറ്റു തൊഴിലുകളിൽ ഏർപ്പെട്ടിരിക്കുന്നവരുമായ ആളുകൾക്കാണ് ഇതിൻ്റെ ആനുകൂല്യം. ഈ പദ്ധതിയിൽ ചേരുന്നവർക്ക് 60 വയസ് തികയുമ്പോൾ പ്രതിമാസം 1000, 2000, 3000, 4000, 5000 രൂപ പെൻഷൻ ആനുകൂല്യം ലഭിക്കുന്ന സ്‌കീം തെരഞ്ഞെടുക്കാം. അപേക്ഷകൻ്റെ പ്രായം, അടക്കുന്ന ഓഹരി തുക എന്നീ ഘടകങ്ങളെ ആശ്രയിച്ചാണ് പെൻഷൻ തുക ലഭിക്കുന്നത്. നിക്ഷേപകൻ്റെ മരണശേഷം ജീവിത പങ്കാളിക്ക് ആയുഷ്കാലം പെൻഷന് അർഹതയുണ്ടായിരിക്കും.

ഇപ്രകാരം സമാഹരിക്കുന്ന പണം പെൻഷൻ ഫണ്ട് റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (PFRDA) ആയിരിക്കും കൈകാര്യം ചെയ്യുക. നിക്ഷേപങ്ങൾ നിയന്ത്രിക്കുന്നതിൽ വ്യക്തിഗത കോൺട്രിബ്യൂട്ടർക്ക് നിയന്ത്രണം ഉണ്ടായിരിക്കില്ല.

വയസ് പരിധി

18 വയസിനും 40 വയസിനും മദ്ധ്യേ പ്രായമുള്ള ഇന്ത്യയിൽ താമസക്കാരായ ആളുകൾക്കാണ് അടൽ പെൻഷൻ യോജനയിൽ ചേരാൻ അർഹതയുള്ളത്. കുറഞ്ഞത് 20 വർഷം ഈ പദ്ധതിയിലേക്ക് ഓഹരി നൽകിയാൽ 60 ആം വയസു മുതൽ പെൻഷൻ ലഭിക്കാൻ അർഹതയായി. നിലവിൽ ‘സ്വാവലംബൻ യോജന ദേശിയ പെൻഷൻ പദ്ധതി ലൈറ്റ്‘ അംഗങ്ങളെ പുതിയ പദ്ധതിയിലേക്ക് പരിണമിപ്പിക്കും. ഉദ്ദേശിച്ച ജനപ്രീതി നേടാത്ത സ്വാവലംബൻ പദ്ധതിയെ പുതിയ പദ്ധതിയിൽ ലയിപ്പിക്കും.

ആർക്കൊക്കെ: ആദായ നികുതി പരിധിയിൽ വരാത്ത എല്ലാവർക്കും ഈ പദ്ധതിയിൽ എപ്പോൾ വേണമെങ്കിലും ചേരാം.

Atal Pension Yojana: അടൽ പെൻഷൻ യോജനയുടെ ഗുണങ്ങൾ

പദ്ധതിപ്രകാരം നിക്ഷേപകന് പെൻഷൻ കിട്ടുന്നതോടൊപ്പം സമ്പാദ്യ ശീലം തീരെ കുറഞ്ഞ വിഭാഗമായ അസംഘടിത തൊഴിലാളികൾക്കും സാധാരണക്കാർക്കും സമ്പാദ്യശീലം വളർത്തുവാൻ ഇത് സഹായിക്കും.

എങ്ങനെ രജിസ്റ്റർ ചെയ്യാം

അടൽ പെൻഷൻ യോജനയിൽ എൻറോൾ ചെയ്യുവാൻ പ്രത്യേക ഫോറത്തിൽ അധികാരപ്പെടുത്താൽ പൂരിപ്പിച്ച ഒപ്പിട്ട് വ്യക്തികൾക്ക് അക്കൗണ്ട് ഉള്ള ബാങ്കിൽ കൊടുക്കാവുന്നതാണ്. ഇങ്ങനെ ചെയ്താൽ പ്രതിമാസ സംഭാവന അക്കൗണ്ടിൽ നിന്ന് ഓട്ടോ ഡെബിറ്റ് ആയി പെൻഷൻ യോജനയിൽ ചേരും.

ജീവിത പങ്കാളിയുടെ പേര്, നോമിനിയുടെ പേരും വിവരങ്ങളും എന്നിവ ഫോമിൽ ഉൾപ്പെടുത്താം. ഉപഭോക്താവിൻ്റെ ബാങ്ക് അക്കൗണ്ടിൽ ആവശ്യത്തിനുള്ള ബാലൻസ് ഇല്ലെങ്കിൽ താഴെ കൊടുത്തിരിക്കുന്ന നിരക്കിൽ പ്രതിമാസ പിഴ ഈടാക്കി പദ്ധതി തുടരാൻ അനുവദിക്കും.

  • പ്രതിമാസം ഓഹരി 100 രൂപ വരെ ഒരു രൂപ
  • പ്രതിമാസ ഓഹരി 101 മുതൽ 500 വരെ 2 രൂപ
  • പ്രതിമാസ ഓഹരി 501 മുതൽ 1000 വരെ 5 രൂപ
  • പ്രതിമാസ ഓഹരി 1001 രൂപയ്ക്കു മുകളിൽ 10 രൂപ
  • പദ്ധതി പ്രകാരമുള്ള വിഹിതം കൊടുക്കുന്നത് മുടക്കിയാൽ
  • 6 മാസം വരെ ഓഹരി കൊടുത്തില്ലെങ്കിൽ അക്കൗണ്ട് മരവിപ്പിക്കും.
  • 12 മാസം വരെ ഓഹരി കൊടുത്തില്ലെങ്കിൽ അക്കൗണ്ട് നിര്ജീവമാക്കും.
  • 24 മാസം വരെ ഓഹരി കൊടുത്തില്ലെങ്കിൽ അക്കൗണ്ട് അവസാനിപ്പിക്കും.

ബാങ്ക് അക്കൗണ്ട് ഇല്ലാത്തവർക്ക്: ഒരു ബാങ്ക് അക്കൗണ്ട് തുറന്ന് മേല്പറഞ്ഞ തുക നിക്ഷേപിച്ചു ഫോം പൂരിപ്പിച്ചു കൊടുക്കാവുന്നതാണ്.

Atal Pension Yojana: കൈകാര്യം ചെയ്യുന്നത്

ആരാണ് പെൻഷൻ കൈകാര്യം ചെയ്യുന്നത്: സർക്കാരിൻ്റെ തന്നെ നിയന്ത്രണത്തിലുള്ള pension fund regulatory and development authority ആണ് ഇത് സംഘാടനം ചെയ്യുന്നത്. NPS architecture ലാണ് സംവിധാനം ചെയ്യപ്പെട്ടിരിക്കുന്നത്.

മുകളിൽ പറയുന്ന പരിധിക്ക് പുറത്ത് ഉള്ളവർ അതായത് 40 വയസ്സിന് മുകളിലുള്ളവർ ആയാലും അല്ലെങ്കിലും, ആദായ നികുതി അയട്ക്കുന്ന -അവർ സ്റ്റാറ്റ്യൂട്ടറി പെൻഷൻ കിട്ടേണ്ടവർ ആണെങ്കിൽ പോലും- സാധാരണ NPS പദ്ധതി അനുസരിച്ച് ചേരാം. അടൽ പെൻഷൻ യോജനയുടെ ചില സവിശേഷതകൾ വരില്ല എന്നേയുള്ളൂ, എന്നിരുന്നാലും ആദായ നികുതിയിൽ ഈ ബഡ്‌ജറ്റിൽ പ്രഖ്യാപിച്ച ഇളവ് ലഭ്യമാണ്.

Atal Pension Yojana: അടയ്‌ക്കേണ്ട തുക

വയസും പെൻഷനും അനുസരിച്ച് തുക വ്യത്യാസപ്പെടാം. രണ്ട് ഉദാഹരണം പറയാം:

18 വയസ് ഉള്ള യാൾക്ക് 1000 രൂപ കുറഞ്ഞ പെൻഷൻ ലഭിക്കാൻ കേവലം 42 രൂപ മാസം, ഇതേ വ്യക്തിക്ക് തന്നെ 5000 ഉറപ്പുള്ള കുറഞ്ഞ പെൻഷന് 210 രൂപ മാസം നൽകണം. അതേ സമയം 40 വയസുള്ള ആൾ ആണെങ്കിൽ 291 രൂപ നൽകി 1000 രൂപ അല്ലെങ്കിൽ 1454 രൂപ കൊണ്ട് 5000 രൂപയും മാസം പെൻഷൻ സുരക്ഷ നേടാം. വിശദമായ വയസ് – തുക പട്ടിക തിരിച്ച കണക്ക് ആദ്യ രണ്ട് കമന്റ് ആയി നൽകിയിട്ടുണ്ട്. അത് നോക്കുമല്ലോ

എങ്ങനെ പദ്ധതിയിൽ ചേരാം

ജൻധൻ അക്കൗണ്ട് വഴിയും സാധാരണ എസ് ബി അക്കൗണ്ട് മുഖേനയും പോസ്റ്റ് ഓഫീസ് വഴിയും ഈ പദ്ധതിയിൽ വളരെ എളുപ്പം ചേരാം. ബാങ്കിൽ നിന്ന് ലഭിക്കുന്ന ലളിതമായ അപേക്ഷാഫോം പൂരിപ്പിച്ച് നൽകുക, അപ്പോൾ തന്നെ നിങ്ങൾ പെൻഷൻ അക്കൗണ്ടിൽ ഭാഗമായി കഴിഞ്ഞു. എത്ര തുക അടയ്‌ക്കണം, എത്ര പെൻഷൻ കിട്ടും എന്നീ വിവരങ്ങൾ രേഖപ്പെടുത്തിയ കടലാസ് അവിടെ നിന്നും വാങ്ങി പോകാം. മാസാമാസം നമ്മുടെ അക്കൗണ്ടിൽ നിന്ന് തുക ഓട്ടോ ഡെബിറ്റ് ആയി എടുത്ത് കൊള്ളും. ഇതിനനുസരിച്ച കുറഞ്ഞ തുക ഉറപ്പാക്കിയാൽ മതി.

അഥവാ കുറഞ്ഞ തുക ഇല്ലെങ്കിൽ എന്തു ചെയ്യും, ബാങ്കുകൾ വലിയ പിഴ തുക ഈടാക്കില്ലേ?

താമസിച്ചുള്ള മാസ തവണയ്‌ക്ക് 100 രൂപയ്‌ക്ക് താഴെ ആണെങ്കിൽ 1 രൂപ പിഴ ആയി എടുക്കും, 101 മുതൽ 500 വരെ 2 രൂ, 501 മുതൽ 1000 വരെ 5 രൂ, 1001 മുതൽ മുകളിലേക്ക് 10 രൂപ പ്രതിമാസം ആണ് പിഴ എന്ന് നിഷ്‌കർഷിച്ചിരിക്കുന്നു. ആറ് മാസം വരെ അടയ്‌ക്കാതെ വന്നാൽ പോലും അക്കൗണ്ട് മരവിപ്പിച്ച് നിർത്താം, ഒരു വർഷം കഴിഞ്ഞ് ഡീ ആക്ടിവേറ്റ് ചെയ്യും. രണ്ട് വർഷത്തിന് ശേഷം മാത്രമേ പെൻഷൻ അക്കൗണ്ട് ക്ലോസ് ചെയ്യുക ഉള്ളൂ. അതായത് അസംഘടിത മേഖല ആയതിനാലും, കാർഷികമേഖലയിലെ തൊഴിൽ ഒക്കെ കൃത്യമായ ഉപജീവന ഉപാധി തന്നില്ലെങ്കിൽ പോലും കുറച്ച് താമസിച്ചാൽ പോലും പെൻഷൻ മുടങ്ങിയത് തിരികെ ട്രാക്കിൽ കൊണ്ട് വരാം

എപ്പോഴാണ് പെൻഷൻ കിട്ടുക?

60 വയസ് തികയുമ്പോൾ അതേ ബാങ്കിൽ/പോസ്റ്റ് ഓഫീസിൽ ചെന്ന് പെൻഷൻ ആരംഭിക്കാൻ ഉള്ള പ്രക്രിയ ചെയ്യാം. വളരെയെളുപ്പം ഈ ഫണ്ട് മുൻനിശ്ചയിച്ച പെൻഷൻ ആക്കി മാറ്റി തരും.

അഥവാ മരണപെട്ടാൽ എന്ത് ചെയ്യും?

പെൻഷൻ എടുത്തയാൾ മരണപ്പെടുന്ന പക്ഷം നോമിനിക്ക് ആ തുകയുടെ സംരക്ഷിതത്വം ലഭിക്കും. അപേക്ഷ നൽകുന്ന ദിവസം തന്നെ നിർബന്ധമായി നോമിനി വിവരങ്ങൾ നൽകേണ്ടതുണ്ട്. ആധാർ നമ്പർ ഉണ്ടെങ്കിൽ നൽകിയാൽ മതി, അത് കർശനമല്ല എന്നത് ഓർക്കുക.
അടൽ പെൻഷൻ എടുക്കുന്ന ആൾക്ക് പിന്നെ ആദായ നികുതിക്കാരൻ ആയി മാറിയാൽ ഈ സ്കീമിനെ സാധാരണ എൻ പി എസിലേക്ക് മാറ്റാം. സർക്കാർ ആനുകൂല്യം കിട്ടില്ല എന്നേയുള്ളൂ. അടച്ച തുക സംരക്ഷിതമായിരിക്കും.

പദ്ധതിയിൽ ചേർന്നതിന് ശേഷം സാമ്പത്തിക ഇതര വിവരങ്ങൾ അതായത് നോമിനിയുടെ പേര്, വിലാസം, മൊബൈൽ നമ്പർ ഒക്കെ എളുപ്പത്തിൽ മാറ്റാം. എല്ലാ തവണയ്‌ക്ക് ഒപ്പവും സംക്ഷിപ്ത എസ് എം എസ് രജിസ്റ്റർ ചെയ്‌ത നമ്പറിലേക്ക് അയക്കും. അത് തിരിച്ചടവ് തുക ഉണ്ടോ എന്ന് നമ്മളെ ഓർമിപ്പിക്കും എന്ന് പറയേണ്ടതില്ലല്ലോ. ഈ വ്യക്തിഗത അടവ് തുക നാമമാത്രമാണ്, സർക്കാർ വക ആദ്യ 5 വർഷത്തെ 1000 രൂപ പ്രതിവർഷം ഒരു പക്ഷെ നീട്ടിയേക്കാം. കൂടാതെ പെൻഷൻ നൽകേണ്ടി വരുന്ന വിടവ് തുക (ഗ്യാപ് ഫണ്ടിംഗ്) ഒക്കെ സർക്കാർ മുൻകൈയിൽ ഇട്ടാണ് മിനിമം പെൻഷൻ ഉറപ്പാക്കുന്നത്.

നിലവിലെ ജീവിതച്ചെലവും പണപ്പെരുപ്പവും ഒക്കെ വച്ച് നോക്കുമ്പോൾ ഈ 1000/5000 വരും കാലത്ത് എന്തിനുണ്ട് എന്ന് ചിന്തിക്കുന്നവരുണ്ടാകാം. എന്നാൽ പലതുള്ളി പെരുവെള്ളം എന്നല്ലേ മാത്രവുമല്ല, കരുതൽ നിക്ഷേപം ഭാവി കാലത്ത് തൊഴിൽ ചെയ്യാൻ അത്രയധികം ശേഷി ഇല്ലാത്ത അല്ലെങ്കിൽ കുറയുന്ന സമയത്ത് ചെറുതെങ്കിലും നല്ലൊരു കൈത്താങ്ങ് ആകും.

പദ്ധതിയിൽനിന്ന് പുറത്തുപോകാൻ

സാധാരണ സാഹചര്യത്തിൽ പദ്ധതിയിൽനിന്നു പുറത്തുപോകാൻ കഴിയില്ല. അംശദാതാവിൻ്റെ മരണം, മാറാവ്യാധി പോലുള്ള പ്രത്യേക സാഹചര്യങ്ങളിൽ മാത്രമേ പദ്ധതിയിൽനിന്ന് പുറത്തുപോകാൻ സാധിക്കൂ.

അടൽ പെൻഷൻ യോജന അപേക്ഷാഫോം

അടൽ പെൻഷൻ യോജനയിലേക്കുള്ള അപേക്ഷാഫാറം APY_Subscriber_Registration_Form.pdf (nsdl.co.in) എന്ന വെബ് പേജിൽ നിന്ന് ഡൗൺലോഡ്‌ ചെയ്യാവുന്നതാണ്. ഈ ഫോം ഇംഗ്ലീഷ്, ഹിന്ദി, ഗുജറാത്തി, ബംഗാളി, കന്നഡ, മലയാളം, ഒറിയ, മറാത്തി, തെലുങ്ക്, തമിഴ് എന്നീ ഭാഷകളിൽ ലഭ്യമാണ്.

നിങ്ങൾ ചെയ്യേണ്ടത്:

എസ് ബി / ജൻ ധൻ അക്കൗണ്ട് ഉള്ള ബാങ്കിൽ ചെന്ന്

  1. അപേക്ഷാ ഫോറം വാങ്ങുക
  2. അത് പൂരിപ്പിച്ച് നൽകുക
  3. മോബൈൽ / ആധാർ നമ്പർ ചേർക്കുക (ആധാർ നിർബന്ധമല്ല)

എൻ്റെ അഭിപ്രായത്തിൽ 5000 നോടടുത്ത മാസ പെൻഷൻ തുക തിരഞ്ഞെടുക്കുക, കാരണം ഇപ്പോൾ ഇത് വലിയ തുക ആയി തോന്നാമെങ്കിലും അടുത്ത 5/10 വർഷം കഴിഞ്ഞ് അത്ര വലിയ തുക ആകില്ല. ഈ മാസതവണ തുക മാറ്റമില്ല എന്നത് ഓർക്കുക.

ഇന്ന് അല്പം കരുതൽ നടത്തി നാളെ കുറച്ചെങ്കിലും ശോഭനം ആക്കുന്നത് നല്ലത് അല്ലേ. ഇത് മറ്റൊരു തരത്തിൽ ജൻ ധൻ അക്കൗണ്ടിൻ്റെ സമർത്ഥമായ പ്രയോഗ സാധ്യതയുമാണ്. അക്കൗണ്ട് പൂർണസമയ സജീവവും ആകും.

 

 

3000 രൂപ പ്രതിമാസ പെൻഷൻ നേടാം

By Editor

Leave a Reply

error: Content is protected !!